Tuesday, October 4, 2016

ഇത് അജ്മാൻറെ 'നൊസ്റ്റാൾജിയ'



 
നൊസ്റ്റാൾജിയ ഗായകർ പരിപാടിക്കിടയിൽ 
                         
ഒരിക്കൽ ഒരിടത്തു് ...

വര്ഷം 2014; സ്ഥലം അജ്മാൻ. സംഗീത പ്രേമികളായ കുറച്ചു യുവാക്കൾ അവിടത്തെ സായാഹ്നങ്ങളിൽ ഒത്തുകൂടുന്നു. പാട്ടും, ഈരടികളുമായി രാത്രി കനക്കുന്നത് വരെ അത് അങ്ങനെ നീളും. വെറും ആറു പേരുടെ നേരം പോക്ക്. പിന്നീട് അതിലേക്ക് അംഗങ്ങള്‍ കൂടി. കൂടുതലായി സംഗീത വാസനയുള്ളവരുടെ കടന്നു വരവോടെ ഈ കൂട്ടായ്മയെ ഒരു മ്യൂസിക് ക്ലബ് ആയി രൂപപ്പെടുത്താനുള്ള ചിന്തകളെ അവർ ക്ലബ്ബിൽ നിന്ന് സ്വരൂപിച്ചു. പിന്നീട് ആ ചിന്തകൾ കാട് കേറി. അത് 'നൊസ്റാൾജിയ' ആയി! അജ്മാൻറേം സ്വന്തം പ്രവാസി മ്യൂസിക് ബാൻഡ്: നൊസ്റ്റാൾജിയ


തണലായി യൂത്ത് ഇന്ത്യ

അജ്മാനിൽ നൊസ്റാൾജിയ്ക്ക് വിത്ത് പാകിയത് കുറച്ചു കലാകാരന്മാർ ആണെങ്കിൽ അതിന്റെ തണൽ യൂത്ത് ഇന്ത്യ ക്ലബ് ആണ്. പ്രവാസി യുവാക്കളുടെ കൂട്ടായമയായ യൂത്ത് ഇന്ത്യയുടെ സംഭാവന ആണ് ഈ മ്യൂസിക് ബാൻഡ്. യൂത്ത് ഇന്ത്യയുടെ യു.എ.യിലെ ഒരു ഘടകം മാത്രം ആണ് അജ്‌മാൻ. "കല , സാഹിത്യ സാംസ്‌കാരിക ചലനങ്ങളിലൂടെ യുവാക്കളെ കൃയാത്മകമായി വഴി തെളിക്കുക എന്ന ലക്ഷ്യത്തിന്റെ മാർഗങ്ങൾ ആണ് ഇത്തരം ക്ലബ്ബ്കൾ",  യൂത്ത് ഇന്ത്യ അജ്‌മാൻ ഭാരവാഹി അജ്മൽ മുഹമ്മദ് അഭിപ്രായപെടുന്നു. പ്രവാസത്തിന്റെ ചില ഒറ്റപെട്ട തുരുത്തുകളിൽ ഉഴറി നടക്കുന്ന യുവത്വത്തെ അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് കൂടെ കൂട്ടുകയാണ് യൂത്ത് ഇന്ത്യ ചെയ്യുന്നത്, എന്ന് അജ്മൽ സാക്ഷ്യപ്പെടുത്തുന്നു. യൂത്ത് ഇന്ത്യ സ്പോർട്സ് ക്ലബ്ബും പ്രവാസി മലയാളികളുടെ ഇടയിലെ വളരെ സജീവ സാന്നിധ്യം ആണ് ഇന്ന്.

പാട്ടുകാരുടെ 'ലോഞ്ചിങ് പാഡ്' 

വിരലിൽ എണ്ണാവുന്ന ആളുകളെ കൊണ്ട് യാത്ര തുടങ്ങിയ നൊസ്റ്റാൾജിയ ഇപ്പോൾ പല പാട്ടുകാരുടെയും ലോഞ്ചിങ് പാഡ് കൂടിയാണ്. യു എ യിലെ തന്നെ പല മ്യൂസിക് റിയാലിറ്റി ഷോയിലേക്കും പാട്ടുകാരെ അയക്കാൻ നൊസ്റാൾജിയക്ക് സാധിച്ചു എന്നത് ബാൻഡിന്റെ ഗ്രൂമിങ് പവർ എത്രത്തോളം അംഗങ്ങൾക്കിടയിൽ സ്വാധീനിച്ചു എന്നത വ്യക്തമാകുന്നു. ഈ അടുത്ത് നടന്ന റേഡിയോ മി യിലെ സലാമി എന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ വിജയിച്ചത്  നൊസ്റാൾജിയയിലെ അംഗം ശ്രീകുമാർ ആണ്. അത് പോലെ തന്നെ അമൃത ടിവിയിലെയിലെ കസവുതട്ടം മ്യൂസിക് ഷോയിലെ മൂന്നാം സ്ഥാനം നൊസ്റാൾജിയയുടെ തന്നെ ജനറൽ സെക്രെട്ടററി അനിൽ ആദിത്യൻ ആയിരുന്നു. പല സംഗീത സദസ്സുകളിലേയും നിറ സാന്നിധ്യമാവാൻ ഈ കലാകാരന്മാർക്ക് സാധിക്കുന്നുണ്ട്. ഇപ്പോൾ അവസരങ്ങൾ നൊസ്റാൾജിയയെ തേടി എത്തുന്നതാണ് ഇവരുടെ പുതിയ ആവേശം.


'ദി ബിഗ് ഷോ'


വർഷത്തിൽ നാല് മ്യൂസിക് ഷോകളാണ് നൊസ്റ്റാൾജിയ നടത്തി വരുന്നത്. ഈ വര്ഷം പ്രമുഖ പിന്നണി ഗായകൻ ബ്രഹ്മാനന്ദൻ മാസ്റ്ററുടെ എഴുപതാം ജന്മ വാർഷികത്തിനോടനുബന്ധിച് യു. എ  യിൽ നടന്ന കുട്ടികൾക്കായുള്ള സംഗീത മത്സരത്തിന്റെ ചുക്കാൻ പിടിച്ചത് നൊസ്റ്റാൾജിയയാണ്. നൂറോളം ജൂനിയർ കലാകാരന്മാർ വാട്സാപ്പ് വഴി പേര് രജിസ്റ്റർ ചെയ്തപ്പോൾ തിരഞ്ഞെടുത്ത മുപ്പതോളം പേര് മാറ്റുരച്ച സംഗീത മത്സരം വലിയ വിജയമായി മാറുകയായിരുന്നു. "ഈ പരിപാടിക്ക് വേണ്ടി അദ്ദേഹത്തിന്റെ മകൻ രാകേഷ് ബ്രഹ്മ്മാനന്ദൻ ഞങ്ങളെ നേരിട്ട്‌ ബന്ധപ്പെടുകയായിരുന്നു. ഇത് യു, എ യിലെ ഞങ്ങളുടെ സാനിധ്യം ശക്തമായി എന്നതിന് ഉദാഹരണമാണ് ഇത്. നൊസ്റാൾജിയയുടെ യശസ്സ് കടൽ കടന്നു എന്നത് ഞങ്ങളിൽ  വലിയ രീതിയിൽ  ആത്മവിശ്വാസം നിറച്ചിട്ടുണ്ട്", പറയുന്നു യൂത്ത് ഇന്ത്യ ക്ലബ് സെക്രെട്ടറി അബ്ദുൽ വാസിഹ്.

സർവം സംഗീതം

ഒരു മ്യൂസിക് ബാന്ഡിന് നൊസ്റ്റാൾജിയ എന്ന് പേര് നൽകുമ്പോൾ ഇത് പഴയ പാട്ടുകളെ കോർത്ത് ഇണക്കി ഒരുക്കിയ ഒരു ബാൻഡ് എന്ന സംശയം സർവ സാധാരണമാണ്. എന്നാൽ നൊസ്റാൾജിയ പഴയതും പുതിയതുമായ ഗാനങ്ങളിലൂടെ ഉള്ള ഒരു സംഗീത ഷോ ആണ്. മാപ്പിളപ്പാട്ട് മുതൽ ബോളിവുഡ്, കോളിവുഡ് പുത്തൻ നമ്പറുകൾ വരെ നൊസ്റ്റാൾജിയയുടെ പാട്ട് മെനുവിൽ ഉൾപ്പെടുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും കാണികളാല്‍ സമ്പന്നമാണ് നൊസ്റ്റാൾജിയയുടെ സംഗീത വിരുന്നുകൾ.  


'നൊസ്റ്റാൾജിയ' അതുക്കും മേലെ!

പ്രവാസം പ്രയാസം കൂടി ആണലോ; എല്ലാവര്ക്കും അല്ലെങ്കിലും ചിലർക്കൊക്കെ. ഇങ്ങനെ ഒരു കൂട്ടായമയിലൂടെ അംഗങ്ങളുടെ സർഗാത്മക കഴുവുകളെ പരിപോഷിപ്പിക്കുക എന്നതിലുപരി അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നൊസ്റ്റാൾജിയ സന്തത സഹചാരി ആണ്. അംഗങ്ങളുടെ ജോലി ഭദ്രത, കുടുംബ സുരക്ഷിതത്വം, സാമ്പത്തിക പരാതീനതകൾക്ക് എല്ലാം കൈ താങ്ങാണ് നോസ്റ്റാൾജിയ. യു എ യില്‍ ഇപ്പോൾ ഇരുപത്തിനാല് ഇടങ്ങളിൽ യൂത്ത് ഇന്ത്യക്കു ഘടങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ നൊസ്റാൾജിയയെ ബർദുബായ് , റാഷിദിയ മേഖലകളിലേക്കും പറിച്ചു നടാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലാണ്. അജ്മാൻറെ നൊസ്റ്റാൾജിയ നാളെകളിൽ പ്രാവാസികളുടെ മറക്കാനാവാത്ത ഒരു നൊസ്റ്റാൾജിയ ആയി മാറാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഇതിന്റെ ഭാരവാഹികളും അംഗങ്ങളും.